സായുധസംഘം നഗരത്തില്‍ ആക്രമണം നടത്തിയപ്പോഴാണ് ഗോമയിലെ മുന്‍സെന്‍സെ ജയിലില്‍നിന്ന് കൂട്ടത്തോടെ തടവുചാടിയത്. ഇതിനിടെ 167ഓളം സ്ത്രീകളെ പുരുഷ തടവുകാര്‍ ലൈംഗികമായി പീഡിപ്പിച്ചതായി യു.എന്‍ ആഭ്യന്തര രേഖകള്‍ സ്ഥിരീകരിക്കുന്നു. 10 ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന ഗോമയില്‍ എം23 വിമതരുടെ ആക്രമണത്തില്‍ കുറഞ്ഞത് 2,900 പേര് കൊല്ലപ്പെട്ടു. ഇതില്‍ 2,000 മൃതദേഹങ്ങള്‍ അടക്കം ചെയ്തിട്ടുണ്ടെന്നും 900 പേരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും മോര്‍ച്ചറികളിലാണെന്നും യു.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ത്രീകള്‍ ഉള്‍പ്പെടെ ഏകദേശം 4,000 തടവുകാര്‍ കഴിയുന്ന ജയിലില്‍നിന്നാണ് സംഘര്‍ഷത്തിനിടെ തടവുകാര്‍ രക്ഷപ്പെട്ടതെന്ന് ഗോമയിലെ യുഎന്‍ സമാധാന സേന ഡെപ്യൂട്ടി ചീഫ് വിവിയന്‍ വാന്‍ ഡി പെറെ സ്ഥിരീകരിച്ചു. തടവുകാര്‍ ഓടിപ്പോകുന്നതും കനത്ത വെടിവപ്പും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. രക്ഷപ്പെട്ട തടവുകാര്‍ ഗോമയിലെ തെരുവുകളിലൂടെ മാര്‍ച്ച് ചെയ്യുന്നതും വിഡിയോകളിലുണ്ട്.

Comments: